Home> Features
Advertisement

Vasco da Gama: ജൂലായ് 8, ഇന്ത്യയുടെ വിധി നി‍ർണയത്തിലെ സുപ്രധാന ദിനം... ഒരു ഉറപ്പുമില്ലാതിരുന്ന ആ കപ്പൽ യാത്ര

Vasco Da Gama: വാസ്കോ ഡ ഗാമ കാപ്പാട് കപ്പലിറങ്ങിയത് 1498 മെയ് 20 ന് ആയിരുന്നു. എന്നാൽ അദ്ദേഹം പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്ത് നിന്ന് ആ യാത്ര തുടങ്ങിയത് 1497 ജൂലായ് 8ന് ആയിരുന്നു.

Vasco da Gama: ജൂലായ് 8, ഇന്ത്യയുടെ വിധി നി‍ർണയത്തിലെ സുപ്രധാന ദിനം... ഒരു ഉറപ്പുമില്ലാതിരുന്ന ആ കപ്പൽ യാത്ര

ഇന്ത്യ എന്ന ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ഇന്ന് നമ്മുടെ എല്ലാം അഭിമാനമാണ്. 1947 ഓഗസ്റ്റ് 15 ന് ആണ് സ്വതന്ത്ര ഇന്ത്യ രൂപീകരിക്കപ്പെടുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. 1950 ജനുവരി 26 ന് നമ്മള്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്കും ആയി. അതിന് പിന്നില്‍ ഒരുപാട് ത്യാഗോജ്ജ്വല സമരങ്ങളുടെ ചരിത്രമുണ്ട്, രക്തസാക്ഷികളുടെ ഉണങ്ങാത്ത ചോരപ്പാടുകളുണ്ട് ലക്ഷങ്ങളുടെ ദൈന്യതയുമുണ്ട്.

എന്നാല്‍, ഈ സ്വതന്ത്ര, പരമാധികാര ഇന്ത്യയിലേക്ക് നാം എങ്ങനെ എത്തി എന്ന് ചിന്തിച്ചാല്‍ ഒരു പേരിലേക്കായിരിക്കും ചരിത്രം വിരല്‍ ചൂണ്ടുക. അതിന് നാന്ദി കുറച്ച ദിനം ജൂലായ് 8 ഉം ആണ്.

ചരിത്രത്തില്‍ ഒരല്‍പം കൂടി പിറകിലേക്ക് സഞ്ചരിക്കേണ്ടി വരും. 1497 ജൂലായ് 8 എന്ന ദിനത്തിലേക്ക്. അന്നായിരുന്നു സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയായ ഒരു പ്രദേശം തേടി പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നിന്ന് വാസ്‌കോ ഡ ഗാമ എന്ന നാവികന്റെ നേതൃത്വത്തില്‍ ഒരു പര്യടനം തുടങ്ങുന്നത്. എവിടെ എത്തുമെന്നോ എന്ന് എത്തുമെന്നോ ഉറപ്പില്ലാത്ത ആ യാത്രയായിരുന്നു 1498 മെയ് 20 ന് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് അവസാനിച്ചത്. ഇന്ത്യയുടെ ചരിത്രവും യൂറോപ്പിന്റെ ചരിത്രവും മാറ്റി മറിച്ച ഒരു സംഭവം ആയിരുന്നു അത്.

കേരളത്തില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കായിരുന്നു അക്കാലത്ത് യൂറോപ്പില്‍ വലിയ ഡിമാന്റ്. ഇവ വില്‍പന നടത്തിയിരുന്നതാകട്ടെ അറബ് കച്ചവടക്കാരും. ഈ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ സമുദ്രമാര്‍ഗ്ഗം കേരളത്തിലേക്കുള്ള പാത കണ്ടെത്തുക എന്നതായിരുന്നു പോര്‍ച്ചുഗീസ് രാജാവ് മാനുവല്‍ ഒന്നാമന്റെ മുന്നിലുള്ള വഴി. ഈ ദൗത്യം അദ്ദേഹം ആദ്യം ഏല്‍പിച്ചത് വാസ്‌കോ ഡ ഗാമയുടെ പിതാവ് എസ്‌തെവാവോ ഡ  ഗാമയെ ആയിരുന്നു. പിതാവിന്റെ മരണശേഷം വാസ്‌കോ ഡ ഗാമയെ രാജാവ് ഈ ചുമതല ഏല്‍പിക്കുകയായിരുന്നു.

സാവോ ഗാബ്രിയേല്‍, സാവോ റഫായേല്‍, ബെറിയോ, പേരറിയാത്ത മറ്റൊരു കപ്പല്‍... അങ്ങനെ നാല് കപ്പലുകളുമായിട്ടായിരുന്നു വാസ്‌കോ ഡ ഗാമ ലിസ്ബണില്‍ നിന്ന് 1497 ല്‍ പര്യടനം തുടങ്ങിയത്. അതിന് മുമ്പ് പോര്‍ച്ചുഗീസുകാരനായ ബാര്‍ത്തലോമിയോ ഡയസ് ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് വരെ എത്തിയിരുന്നു. അതിനപ്പുറം എന്തെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ലാത്ത കാലത്താണ് ആ പ്രതീക്ഷാ മുനമ്പും മറികടന്ന് ഗാമയും സംഘവും യാത്ര തുടര്‍ന്നത്.

വെല്ലുവിളികളുടേയും യാതനകളുടേയും സാഹസികതയുടേയും മാത്രമായിരുന്നില്ല ആ യാത്ര. അതില്‍ നിലനില്‍പിന് വേണ്ടിയുള്ള ചതിപ്രയോഗങ്ങളും കൊടും ക്രൂരതകളും എല്ലാം ഉണ്ടായിരുന്നു. പലപല തുറമുഖങ്ങളില്‍ ഇറങ്ങിയ ഗാമയും സംഘവും ഒടുവില്‍ മെലിന്‍ഡയിലെത്തി. അവിടെ നിന്നായിരുന്നു കേരളത്തിലേക്കുള്ള കടല്‍മാര്‍ഗ്ഗം കൃത്യമായി തെളിഞ്ഞത്. മെലിന്‍ഡയിലെ ഭരണാധികാരി നല്‍കിയ കപ്പിത്താന്റെ സഹായത്തോടെയാണ് 1498 മെയ് 20 ന് വാസ്‌കോ ഡ ഗാമയും സംഘവും കാപ്പാട് കപ്പലിറങ്ങിയത്.

അറബികളുമായി മാത്രമായിരുന്നു അക്കാലത്തോളം കേരളത്തിലെ നാട്ടുരാജാക്കന്‍മാരുടെ വിദേശ വ്യാപാരം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു സാംസ്‌കാരിക- വാണിജ്യ ബന്ധമായിരുന്നു അത്. അതിനിടയിലേക്കാണ് വാസ്‌കോ ഡ ഗാമ എന്ന യൂറോപ്യന്റെ വരവ്. സാമൂതിരി രാജാവ് ഗാമയ്ക്ക് ആഥിത്യമരുളി. എന്നാല്‍ ഗാമ നല്‍കിയ കാഴ്ചവസ്തുക്കളില്‍ രാജാവ് അത്ര തൃപ്തനായിരുന്നില്ലെന്നാണ് ചരിത്രം. എന്തായാലും തിരികെ പോകും മുമ്പ് കരയില്‍ ഒരു പാണ്ഡികശാല പണിയാനുള്ള അനുമതി ഗാമ സ്വന്തമാക്കി. മറ്റ് ചില നാട്ടുരാജാക്കന്‍മാരുമായി സൗഹൃദവും സ്ഥാപിച്ചു.

ഇതുവരെ പറഞ്ഞത് ഒരു വാണിജ്യ ബന്ധത്തിന്റെ ചരിത്രമായിരുന്നു. എന്നാല്‍ കടല്‍കടന്നെത്തിയവര്‍ക്ക് അത് മാത്രം മതിയായിരുന്നില്ല. അവര്‍ക്ക് പരമാധികാരവും വേണ്ടിയിരുന്നു. അതുവരെ ശക്തരായിരുന്ന അറബ് കച്ചവടക്കാരെ അവര്‍ ഒതുക്കി. നാട്ടുരാജാക്കന്‍മാരെ ആയുധ ബലത്തിന് മുന്നില്‍ വിറപ്പിച്ചു. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും ഗോവയിലും അധീശത്വം സ്ഥാപിച്ചു. 

പിന്നീട് നടന്നത് കൊളോണിയലിസത്തിന്റെ ചരിത്രമാണ്. ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം പോര്‍ച്ചുഗീസുകാരുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലെത്തി. അവരെല്ലാം അധീശത്വത്തിന്റെ പാതതന്നെ തുടര്‍ന്നു. ഒടുവില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മറ്റെല്ലാ കൊളോണിയല്‍ ശക്തികളേയും കീഴടക്കി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അവരുടെ കീഴിലാക്കി. അങ്ങനെ ബ്രിട്ടീഷ് ഇന്ത്യ രൂപീകരിക്കപ്പെട്ടു. പിന്നീട് നടന്ന സാതന്ത്ര്യസമരങ്ങളുടെ ഉജ്ജ്വല ചരിത്രം നമുക്ക് മുന്നിലുണ്ട്.

ഇന്ത്യ ഇന്നത്തെ ഇന്ത്യ ആയതിന് പിന്നില്‍ 1497 ജൂലായ് 8 ന് വാസ്‌കോ ഡ ഗാമ ലിസ്ബണില്‍ നിന്ന് തുടങ്ങിയ യാത്രയും കൂടി ഒരു കാരണമാണ്. അസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിലൂടെ നമുക്ക് കടന്നുപോകേണ്ടിവന്നതിനും അത് കാരണമാണ്. അതോടപ്പം ആധുനികത കടന്നുവന്നതിൽ അതിപ്രധാനം എന്നും അതിനെ വിശേഷിപ്പിക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More