14 തിരഞ്ഞെടുപ്പുകള്‍, 13 നിയമസഭകള്‍, 22 മന്ത്രിസഭകൾ, 12 മുഖ്യമന്ത്രിമാർ... ഇതാണ് കേരളനിയമസഭയുടെ ലഘു ചരിത്രം. 1957 ലാണ് കേരളത്തിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സർക്കാർ രൂപീകരിച്ചു. സാമൂഹ്യ പരിഷ്‌കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പുതുപുത്തന്‍കാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാഴികള്‍ക്കിടയില്‍ വേരുറപ്പിച്ചു കഴിഞ്ഞകാലം. അന്ന് അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത്. 1957 ഏപ്രില്‍ 5 ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. ലോകത്തിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ആയിരുന്നു അത്.
വിമോചന സമരത്തെ തുടര്‍ന്ന് ആദ്യ ഇഎംഎസ് സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ വിവാദമായ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചായിരുന്നു ഇത്. പിന്നീട് 1960 ല്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യപിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ്, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേർന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. 1960 ല്‍ പട്ടം എ താണുപിള്ള മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് പഞ്ചാബ് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു, അങ്ങനെയാണ് ആര്‍ ശങ്കര്‍ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാവുന്നത്.
1965 ല്‍ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ല. രണ്ട് വര്‍ഷക്കാലം രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്നു കേരളം. 1967 ല്‍ സംസ്ഥാനത്തെ മൂന്നാമത്തെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. സിപിഐഎം, സിപിഐ, എസ്എസ്പി (സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി), മുസ്ലിം ലീഗ്, ആർഎസ്പി, കർഷക തൊഴിലാളി പാർട്ടി, കേരള സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ ചേർന്ന് സപ്തകക്ഷി മുന്നണിയായിട്ടായിരുന്നു ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വെവ്വേറെ മത്സരിച്ചു. ഈ സപ്തകക്ഷി മുന്നണി രണ്ടാം ഇഎംസ് മന്ത്രിസഭ രൂപീകരിക്കുന്നതില്‍ കലാശിച്ചു. അതേ സമയം ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് വെറും 9 സീറ്റില്‍ ഒതുങ്ങി. 1967 മാര്‍ച്ച് 6 ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു.
മുന്നണിയിലെ പ്രശ്നങ്ങൾ രൂക്ഷമായതോടെ 1969 ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന് രാജിവയ്ക്കേണ്ടി വന്നു. ഇതേ തുടർന്ന് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സിപിഐയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ രൂപീകരിച്ചു. ഒന്നാം അച്യുതമേനോന്‍ മന്ത്രിസഭയില്‍ 8 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1969 നവംബർ 1 മുതൽ ഓഗസ്റ്റ് 3 വരെയായിരുന്നു ഈ സർക്കാരിന്റെ ആയുസ്സ്. പിന്നീട് 1970 ൽ നടന്ന നാലാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുൽ സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്പി തുടങ്ങിയ പാർട്ടികളുടെ സഖ്യം കോൺഗ്രസിന്റെ ബാഹ്യപിന്തുണയോടെ മികച്ച വിജയം നേടി. 1971 ല്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. അടിയന്തരവാസ്ഥക്കാലത്ത് അച്യുതമേനോൻ സർക്കാർ ആയിരുന്നു കേരളം ഭരിച്ചത്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം, അഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 1977 മാര്‍ച്ച് 19 ന് നടന്നു. കോൺഗ്രസിന്റേയും സിപിഐയുടെയും നേതൃത്വത്തില്‍ ഐക്യമുന്നണി 111 സീറ്റുകളോടെ അധികാരം നിലനിർത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്യം മുഴുവൻ കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു ഇത് എന്ന പ്രത്യേകതയും ഉണ്ട്. തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാൽ രാജൻ കേസിനെ തുർന്ന് കെ കരുണാകരന് രാജിവയ്ക്കേണ്ടി വന്നു. വെറും 33 ദിവസമായിരുന്നു കരുണാകരൻ സർക്കാരിന്റെ ആയുസ്സ്. ഇതിന് പിറകെയാണ് എകെ ആന്റണി ആദ്യമായി കേരള മുഖ്യമന്ത്രിയാകുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും എകെ ആന്റണിയായിരുന്നു. 1977 ഏപ്രിൽ 27 മുതൽ 1978 ഒക്ടോബർ 29 വരെ എകെ ആന്റണി മുഖ്യമന്ത്രിയായി തുടർന്നു. 1978 ഒക്ടോബര്‍ 29 ന് സിപിഐ നേതാവായ പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുന്നണിയിലെ പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് 1979 ഒക്ടോബല്‍ 12 ന് പികെവി രാജിവച്ചു. മുസ്ലീം ലീഗിന്റെ സിച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. വെറും 53 ദിവസം മാത്രമായിരുന്നു ഈ മന്ത്രിസഭയുടെ ആയുസ്സ്. എന്തായാലും കേരള ചരിത്രത്തിൽ മുസ്ലീം ലീഗിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചുകൊണ്ടാണ് അഞ്ചാം നിയമസഭ അവസാനിച്ചത്.
Read Also: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത് ഇങ്ങനെ...
ആറാം നിയമസഭയിലേക്ക് 1980 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച വിജയം നേടി. സിപിഎം നേതാവായ ഇകെ നായനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പില്‍ 93 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് വിജയം നേടിയത്. നായനാര്‍ സര്‍ക്കാറിന്റെ ഭൂരിപക്ഷം ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (യു) യിലെ അംഗങ്ങളുടെയും കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിലെ എട്ട് അംഗങ്ങളുടെയും പിന്തുണയെ ആശ്രയിച്ചായിരുന്നു. ഇവരുമായുള്ള രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ഇകെ നായനാർ മന്ത്രിസഭ1981 ഒക്ടോബര്‍ 20 ന് രാജിച്ചു. തുടർന്ന് 68 ദിവസം കേരളം രാഷ്ട്രപതി ഭരണത്തിൽ ആയിരുന്നു. ഇതിന് ശേഷം 1981 ഡിസംബർ 28 ന് കെ കരുണാകരൻ അധികാരമേറ്റെങ്കിലും 79 ദിവസത്തിന് ശേഷം രാജിവക്കേണ്ടിവന്നു. പിന്നീട് 67 ദിവസം വീണ്ടും രാഷ്ട്രപതിഭരണത്തിലായിരുന്നു കേരളം.
ഏഴാം നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. 1982 മെയ് 24 ന് കെ കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് വർഷം പൂർത്തിയാക്കിയ ആദ്യ കരുണാകരൻ മന്ത്രസഭയായി ഇത് മാറി. 1987 ൽ നടന്ന എട്ടാം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആണ് അധികാരത്തിൽ വന്നത്. ഇകെ നായനാർ ആയിരുന്നു മുഖ്യമന്ത്രി. കാലാവധി പൂർത്തിയാക്കും മുമ്പ് മന്ത്രിസഭ പിരിച്ചുവിട്ട് നായനാർ സർക്കാർ ജനവിധി തേടാനിറങ്ങിയ കാഴ്ചയാണ് 1991 ൽ കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വൻ വിജയം ആയിരുന്നു സിപിഎമ്മിനെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു അധികാരം നഷ്ടപ്പെടുകയും നാല് വര്‍ഷത്തിനു ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിലേറുകയും ചെയ്തു. കെ കരുണാകരൻ ആയിരുന്നു കോൺഗ്രസ് മുഖ്യമന്ത്രി.
പത്താം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 1996 മെയ് മാസത്തിലായിരുന്നു. ഇത്തവണ വിജയം ഇടതുപക്ഷത്തിനൊപ്പം നിന്നു. പ്രതിപക്ഷ നേതാവായി നിന്ന് ഇടതുപക്ഷത്തെ തിരഞ്ഞെടുപ്പിൽ നയിച്ച വിഎസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടു എന്നതാണ് ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. തുടർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നായനാർ വിഎസിന്റെ കൂടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയായിരുന്നു.
2001 ൽ നടന്ന പതിനൊന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീണ്ടും ഭരണമാറ്റം ഉണ്ടായി. 99 സീറ്റ് എന്ന മികച്ച വിജയവുമായി യുഡിഎഫ് അധികാരത്തിൽ തിരികെയെത്തി. ഒരു സീറ്റിൽ യുഡിഎഫ് വിമതയും ജയിച്ചു. ആത്യന്തികനായി 100 സീറ്റ് എന്ന നേട്ടം യുഡിഎഫ് സ്വന്തമാക്കി. സമീപകാല ചരിത്രത്തിൽ യുഡിഎഫ് നേടിയ ഏറ്റവും വലിയ വിജയം ആയിരുന്നു. എന്നാൽ ഈ വിജയത്തിന്റെ തിളക്കം ഭരണത്തിൽ പ്രകടമായില്ല. വൻ പിന്തുണയോടെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന എകെ ആന്റണിയ്ക്ക് മൂന്ന് വർഷം പൂർത്തിയാക്കിയപ്പോഴേക്കും പടിയിറങ്ങേണ്ടി വന്നു. കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തന്നെ ആയിരുന്നു കാരണം. ഇതിന് പിറകെ ആദ്യമായി ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി.
പന്ത്രണ്ടാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 2006 ഏപ്രിൽ 22 മുതൽ മെയ് 3 വരെ മൂന്ന് ഘട്ടങ്ങളിൽ ആയിട്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആണ് വിഎസ് അച്യുതാനന്ദന്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 98 സീറ്റുകളോടെയാണ് അന്ന് എൽഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിന് നേടാനായത് വെറും 42 സീറ്റുകൾ. 100 സീറ്റുകളിൽ നിന്നായിരുന്നു യുഡിഎഫിന്റെ പതനം.
പതിമൂന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത് 2011 ഏപ്രിൽ 13 ന് ആയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു അന്ന് നടന്നത്. 72 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം സ്വന്തമാക്കി യുഡിഎഫ് അധികാരത്തിലെത്തി. എൽഡിഎഫ് നേടിയത് 68 സീറ്റുകൾ ആയിരുന്നു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രി സഭ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി അഞ്ച് വർഷ കാലാവധി ആദ്യമായി തികയ്ക്കുന്നതും ഈ കാലയളവിൽ ആയിരുന്നു.
2016 മെയ് പതിനാറിന് ആയിരുന്നു പതിനാലാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 91 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. യുഡിഎഫ് സീറ്റുകൾ 47 ൽ ഒതുങ്ങി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി സ്ഥാനാർത്ഥി നിയമസഭയിലേക്ക് വിജയിച്ചതും ഇതേ തിരഞ്ഞെടുപ്പിൽ തന്നെ. തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ നിന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ വിജയിച്ചെത്തി. സിപിഎം സ്ഥാനാർത്ഥിയായിരുന്ന വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു രാജഗോപാലിന്റെ വിജയം. മൂന്ന് മുന്നണികളിലും ഇല്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് പിസി ജോർജ്ജ് പൂഞ്ഞാറിൽ നിന്ന് വിജയിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
കേരള ചരിത്രത്തിൽ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പായിരുന്നു 2021 ൽ 15-ാം നിയമസഭയിലേക്ക് നടന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണി തുടർഭരണം നേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് എട്ട് സീറ്റുകൾ വർദ്ധിപ്പിച്ച് 99 സീറ്റ് നേടി. യുഡിഎഫ് ആകട്ടെ, 41 സീറ്റുകളിൽ ഒതുങ്ങി. 2016 ൽ സ്വന്തമാക്കിയ സീറ്റ് ബിജെപിയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടുകയും. ചെയ്തു. പൂഞ്ഞാറിൽ വീണ്ടും ജനവിധി തേടിയിറങ്ങിയ പിസി ജോർജ്ജും ഇത്തവണ പരാജയപ്പെട്ടു.
കേരള രാഷ്ട്രീയത്തിൽ ഒരിക്കലും സാധ്യമാവില്ലെന്ന് കരുതിയ ഒന്നായിരുന്നു ഏതെങ്കിലും മുന്നണിയ്ക്ക് ലഭിക്കുന്ന തുടർഭരണം. അതിനെ ആയിരുന്നു 2021 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ തകർത്തെറിഞ്ഞത്. നിപ്പയും, പ്രളയവും, കൊവിഡും എല്ലാം അതിജീവിക്കുന്നതിൽ പിണറായി വിജയൻ എന്ന ഭരണകർത്താവ് പ്രകടിപ്പിച്ച നേതൃമികവ് 2021 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണകരമായി വന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്. പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പുതിയൊരു ചരിത്രം ആയിരക്കുമോ കേരളത്തിൽ രചിക്കപ്പെടുക എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഇപ്പോഴുയർത്തുന്നത്.
മൂന്നാം എൽഡിഎഫ് സർക്കാർ സാധ്യമാണെന്ന വിലയിരുത്തലിൽ ആണ് സിപിഎമ്മും എൽഡിഎഫ് നേതൃത്വവും. സർക്കാരിനെതിരെ വിമർശനങ്ങൾ പലതുണ്ടെങ്കിലും, സാധാരണ ജനങ്ങളിലേക്കെത്തിച്ച ഭരണ നേട്ടങ്ങളിൽ ആണ് പ്രതീക്ഷ. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഇനിയും സർക്കാർ വിരുദ്ധ നീക്കങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും യാഥാർത്ഥ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.