Home> Health & Lifestyle
Advertisement

Leptospirosis Disease: എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Health Minister Veena George: ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിച്ചാൽ ഉടൻ തന്നെ ചികിത്സ തേടണം. ഇക്കാര്യം ഡോക്ടറോട് പറയണം.

Leptospirosis Disease: എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ജാ​ഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിക്കെതിരെ വലിയ ജാ​ഗ്രത വേണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിച്ചാൽ ഉടൻ തന്നെ ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയണം.

മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളും ചികിത്സയും വഴി തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ചെടികള്‍ നടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാനാകും.

എലിപ്പനി

എലി, പശു, അണ്ണാന്‍, നായ, ആട് എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ബാധിക്കുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ ആണ് രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്ന് വരുന്ന ശക്തമായ പനി, പേശീവേദന, കഠിനമായ തലവേദന, പനിയോടൊപ്പം ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, കണ്ണിന് ചുവപ്പുനിറം, നടുവേദന, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറം, മഞ്ഞനിറം കലർന്ന മൂത്രം എന്നീ രോഗലക്ഷണങ്ങളും ഉണ്ടാകാം.

എലിപ്പനി പ്രതിരോധം

· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തി കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങരുത്.
· മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക.
· ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.
· മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുക.
· ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More