അബുദാബി/അഹമ്മദാബാദ്: അഹമ്മാദാബാദ് എയർഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. എംബിബിഎസ് വിദ്യാർത്ഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.
മെഡിക്കൽ പഠന കാലത്ത് ഏറെ കൂടിച്ചേരലുകൾ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ ഷംഷീർ പറഞ്ഞു. ഹോസ്റ്റലിൽ നിന്നുള്ള അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിലും സ്വന്തം മെഡിക്കൽ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ഓർമകളാണ് മനസിലെത്തിയത്. ആരോഗ്യ സേവനങ്ങൾ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുൻപ് വിട പറഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകാനുമാണ് സഹായം.
ദുരന്തബാധിതരായ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബിജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റിതേഷ് കുമാർ ശർമ്മ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ഇവർക്കും കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഡോ. ഷംഷീർ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്. 2010ലെ മംഗലാപുരം വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് ഡോ. ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.