Elephant Attacks Tips: ആനയുടെ മുന്നിൽ പെട്ടാൽ മനോധൈര്യം കൈവിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആനയെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ ആകുമെങ്കിൽ അതിന് ശ്രമിക്കുക.
കാട്ടാന ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ മിക്ക ദിവസവും കേരളത്തെ വിളിച്ചുണര്‍ത്തുന്നത്. കാട്ടാനകള്‍ മാത്രമല്ല, നാട്ടാനകളും അക്രമകാരികളും കൊലയാനകളും ആയി മാറാറുണ്ട്. ആനയുടെ മുന്നില്‍ പെട്ടാല്‍ എങ്ങനെ രക്ഷപ്പെടണം എന്നത് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. ഈ കാര്യങ്ങള്‍ ഓര്‍ത്തുവച്ചാല്‍ ചിലപ്പോള്‍ രക്ഷപ്പെടാന്‍ സാധിച്ചേക്കും.
ആന (Elephant): നാട്ടാന ആണെങ്കിലും കാട്ടാന ആണെങ്കിലും അത് ഒരു വന്യമൃഗമാണ്. ആനയെ ഒരിക്കലും ഇണക്കി വളര്‍ത്താന്‍ ആവില്ല. മനുഷ്യര്‍ അവയെ മെരുക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കാട്ടാന ആണെങ്കിലും നാട്ടാന ആണെങ്കിലും അത് ആക്രമിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.
ആന അറിയും (Elephant sences): കാട്ടില്‍ ആണെങ്കിലും നാട്ടില്‍ ആണെങ്കിലും നമ്മുടെ സാന്നിധ്യം ആനയ്ക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. അത്രയും മികച്ചതാണ് അവയുടെ കേള്‍വിശക്തിയും മണം തിരിച്ചറിയാനുള്ള ശേഷിയും. കാട്ടിനുള്ളില്‍ പോകുമ്പോള്‍ ഇക്കാര്യം എപ്പോഴും മനസ്സിലാക്കുന്നത് നല്ലതാണ്.
പേടിപ്പിക്കല്‍ (Elephant Bluff Charges): കാട്ടില്‍ ഒരു ആന മുന്നിലെത്തിയാല്‍ അത് നിങ്ങളെ ആക്രമിക്കണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. നിങ്ങളുടെ സാന്നിധ്യം അതിന് ഇഷ്ടപ്പെട്ടില്ല എങ്കില്‍ അത് ആക്രമണ സ്വഭാവം കാണിക്കും. ചിലപ്പോള്‍ ആക്രമിക്കുക എന്നതായിരിക്കില്ല, മുന്നിലുള്ള ജീവിയെ ഭയപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യം. ഇതിനെ എലിഫന്‍ഫ് ബ്ലഫ് ചാര്‍ജസ് എന്നാണ് വിളിക്കുന്നത്.
ലക്ഷണങ്ങള്‍ (Elephant Bluff Charges signs): ഈ സമയം ചെവികള്‍ വീശിനിര്‍ത്തുക എന്നതാണ് ആനകള്‍ ചെയ്യുക. അപ്പോള്‍ കാഴ്ചയില്‍ കൂടുതല്‍ വലിപ്പം തോന്നും എന്നത് തന്നെയാണ് പ്രധാനം. മുന്നോട്ടോ പിന്നോട്ടോ എന്ന പോലെ കാലുകള്‍ നീക്കിക്കൊണ്ടിരിക്കും. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിക്കുകയും ചിഹ്നം വിളിക്കുകയും ചെയ്യും.
ആക്രമണം (Elephant Attack Charges): ഓടി അടുക്കുക എന്നതാണ് ആനയുടെ ആക്രമണം ഉറപ്പിക്കുന്ന നീക്കം. ഈ ഘട്ടത്തില്‍ അവ ഉച്ചത്തില്‍ ചിഹ്നം വിളിക്കുന്നുണ്ടാകും. വാലുകള്‍ പിറകില്‍ വടിപോലെ നില്‍ക്കുന്നുണ്ടാകും. ഈ ഘട്ടത്തില്‍ രക്ഷപ്പെടാനുള്ള വഴി നോക്കിയില്ലെങ്കില്‍ മരണം ഉറപ്പാണ്.
ഓടി രക്ഷപ്പെടു (Zig Zag Pattern): ആനയെ നേരെ ഓടി തോല്‍പിക്കുക എന്നത് സാധ്യമായ ഒരു കാര്യമല്ല. അപ്പോള്‍ ചെയ്യാവുന്നത് വളഞ്ഞ് പുളഞ്ഞ് ഓടുക എന്നതാണ്. ആനയെ സംബന്ധിച്ച് അതിന്റെ ഭാരിച്ച ശരീരം കൊണ്ട് അത്തരത്തില്‍ ഓടി പിന്തുടരുക എളുപ്പമുള്ള കാര്യമല്ല. ഒളിക്കാന്‍ സുരക്ഷിതമായ ഒരു ഇടം കണ്ടെത്തും വരെ ഇത്തരത്തില്‍ ഓടുക
കാട്ടില്‍ ആണെങ്കില്‍ (Inside a Jungle): കാടിനുള്ളില്‍ വച്ചാണ് ആന ഓടിയ്ക്കുന്നത് എങ്കില്‍ മരങ്ങള്‍ക്കിടയിലൂടെ വേണം ഓടാന്‍. കാടിനുള്ളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം, നിലത്തുണ്ടാകുന്ന വള്ളിച്ചെടികള്‍ ആണ്. ആനെയ സംബന്ധിച്ച് അത് ഒരു പ്രശ്‌നമേ അല്ല. എന്നാല്‍ മനുഷ്യര്‍ അതില്‍ കുടുങ്ങി വീഴാനുള്ള സാധ്യത ഏറെയാണ്.
പെട്ടെന്ന് മുന്നില്‍ പെട്ടാല്‍ (Sudden Elephant Attack): കാട്ടില്‍ പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും ആനയുടെ ആക്രമണം ഉണ്ടാവുക. അത്തരം ഘട്ടങ്ങളില്‍ പ്രതിരോധം തീരെ എളുപ്പമല്ല എന്നുമാത്രമല്ല, പലപ്പോഴും വൃഥാവിലാവുകയും ചെയ്യും. പല കാട്ടാന ആക്രമണ മരണങ്ങളും ഇങ്ങനെയാണ് സംഭവിക്കാറുള്ളത്. കാടിനെ അറിയുന്ന ആദിവാസികള്‍ പോലും ഇത്തരം ഘട്ടങ്ങളില്‍ പരാജയപ്പെടാറുണ്ട്.