ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരക്കുന്ന പേര് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേതാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോകമെമ്പാടും ആരാധകരുള്ള കോഹ്‌ലിയുടെ കുഞ്ഞാരാധികയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണറുടെ മകള്‍ ഐവി മേയാണ് കോഹ്‌ലിയുടെ വലിയ 'ചെറിയ' ആരാധിക.
വാര്‍ണറുടെ ഭാര്യ കാന്‍ടൈസ് പങ്കുവച്ച ഏറ്റവും പുതിയ ട്വീറ്റ് തന്നെയാണ് ഇതിന് ആധാര൦.
'ഞാന്‍ വിരാട് കോഹ്‌ലി' എന്ന് കളിക്കിടെ ആവര്‍ത്തിച്ച് പറയുന്ന ഐവിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ക്രിക്കറ്റിനെയും കോഹ്‌ലിയെയും ഐവി എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.
സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്‌ആർഎച്ച്) വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍ നിറയെ സമയം ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടുണ്ട്.
ഇന്ത്യയോടും ഇന്ത്യന്‍ ക്രിക്കറ്റിനോടും ഏറെ സ്നേഹം സൂക്ഷിക്കുന്ന ഈ കൊച്ചുമിടുക്കിയുടെ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.