ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ സഞ്ജു സാംസണെ സംബന്ധിച്ചും രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചും അത്ര മികച്ചതായിരുന്നില്ല. പരിക്കിന്റെ പിടിയില്‍ അകപ്പെട്ട സഞ്ജുവിന് പല നിര്‍ണായക മത്സരങ്ങളും നഷ്ടമായി. മാത്രമല്ല, ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായും ടീം മാനേജ്‌മെന്റുമായും സഞ്ജുവിന്റെ ബന്ധം അല്‍പം ഉലച്ചിലില്‍ ആണെന്ന രീതിയില്‍ വാര്‍ത്തകളും പുറത്ത് വന്നു.
അടുത്ത സീസണില്‍ സഞ്ജു രാജസ്ഥാന്‍ വിടുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എംഎസ് ധോണി വിരമിക്കുമ്പോള്‍, ചെന്നൈയിലേക്ക് സഞ്ജു എത്തും എന്ന രീതിയിലും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ ചില ഔദ്യോഗിക പ്രതികരണങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
സഞ്ജു സാംസണില്‍ തങ്ങള്‍ക്ക് താത്പര്യമുണ്ട് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികൃതര്‍ തന്നെ വ്യക്തമാക്കിരിക്കുന്നത്. സിഎസ്‌കെയുടെ മുതിര്‍ന്ന ഒഫീഷ്യലിനെ ഉദ്ധരിച്ച് ക്രിക്ബസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഞ്ജുവിന് വേണ്ടി ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യന്‍ ബാറ്റര്‍ ആണ്. വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററും ആണ്. ലഭ്യമാണെങ്കില്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സുമായി ഔദ്യോഗിക ആശയവിനിമയങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല.
കഴിഞ്ഞ തവണ രാജസ്ഥാന്റെ നമ്പര്‍ വണ്‍ റിട്ടെന്‍ഷന്‍ ആയിരുന്നു സഞ്ജു സാംസണ്‍. 18 കോടി രൂപയായിരുന്നു പ്രതിഫലം. സഞ്ജുവിനെ സ്വന്തമാക്കണമെങ്കില്‍ ചെന്നൈ മറ്റൊരു താരത്തെ തിരികെ നല്‍കുകയും വേണം. അങ്ങനെ ഒരു നീക്കം വന്നാല്‍ ഏത് താരത്തെ ആയിരിക്കും രാജസ്ഥാന് നല്‍കുക എന്നതാണ് ചോദ്യം. രാജസ്ഥാന്‍ കൂടി അംഗീകരിക്കുന്ന ഒരു എക്‌സ്‌ചേഞ്ച് ആണെങ്കില്‍, ആ സാധ്യത നിലവിലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക് വാദിനാണ്. എന്നാല്‍ ഗെയ്ക്ക് വാദിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഐപിഎല്ലിലെ അണിയറക്കഥകളില്‍ വേറേയും ചില വാര്‍ത്തകള്‍ കറങ്ങിനടക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമല്ല മലയാളി താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത് എന്നതാണ്. മറ്റ് രണ്ട് ടീമുകള്‍ കൂടി സഞ്ജുവിന് വേണ്ടി ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍ റോയല്‍സ് ആയിരുന്നു സഞ്ജു സാംസണ് മികച്ച അവസരങ്ങള്‍ ഐപിഎല്ലില്‍ നല്‍കിയത്. വളരെ പെട്ടെന്ന് തന്നെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്താനും സഞ്ജുവിന് കഴിഞ്ഞു. മാത്രമല്ല, സഞ്ജുവിനെ ഒരു വികാരമായിട്ടായിരുന്നു രാജസ്ഥാന്‍ അവരുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളില്‍ പ്രതിഷ്ഠിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.