ജയ്പുര്‍: ഐപിഎല്‍ 2025 ന്റെ കാഹളം മുഴങ്ങാന്‍ ഇനി യഥാര്‍ത്ഥത്തില്‍ മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. മലയാളികള്‍ ഏറെ ആരാധനയോടേയും പ്രതീക്ഷയോടേയും കാണുന്ന രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഇപ്പോള്‍ അപ്രതീക്ഷിതമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു അവരുടെ ക്യാപ്റ്റനും മലയാളിയും ആയ സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിനെ നയിക്കുക സഞ്ജു സാംസണ്‍ ആവില്ല എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുവതാരം റിയാന്‍ പരാഗ് ആയിരിക്കും ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിക്കുക. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ വിരലിന് പരിക്കേറ്റ സഞ്ജു സാംസണ്‍ അതില്‍ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ്.
ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും ആവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ആയിരിക്കില്ല രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ സ്ഥാനം ടീം മാനേജ്‌മെന്റ് റിയാന്‍ പരാഗിന് നല്‍കിയിരിക്കുകയാണ്.
ആദ്യ മൂന്ന് മത്സരങ്ങളില്‍ താന്‍ ആയിരിക്കില്ല ക്യാപ്റ്റന്‍ എന്ന് വ്യക്തമാക്കിയത് സഞ്ജു സാംസണ്‍ തന്നെ ആയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെ ആയിരുന്നു ഇത്. വിരലിനേറ്റ പരിക്കിന് ശേഷം ശസ്ത്രക്രിയ നടത്തിയെങ്കിലും താന്‍ പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേതൃശേഷിയുള്ള ഒരുപാട് പേര്‍ ടീമില്‍ ഉണ്ടെന്നും റിയാന്‍ പരാഗിന് എല്ലാവിധ പിന്തുണയും നല്‍കണം എന്നും സഞ്ജു അഭ്യര്‍ത്ഥിച്ചു.
Update: Sanju will be playing our first three games as a batter, with Riyan stepping up to lead the boys in these matches! pic.twitter.com/FyHTmBp1F5
— Rajasthan Royals (@rajasthanroyals) March 20, 2025
ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ബാറ്റ്‌സ്മാന്‍ ആയിട്ടുണ്ടാകും എന്ന് തന്നെയാണ് ഉറപ്പുള്ളത്. എന്നാല്‍ ഇംപാക്ട് പ്ലെയര്‍ ആയിട്ടായിരിക്കും അദ്ദേഹം മൈതാനത്തിറങ്ങുക. അപ്പോള്‍ ഫീല്‍ഡിങ്, കീപ്പിങ് എന്നീ കടമ്പകളെ സഞ്ജുവിന് മറികടക്കാനാകും. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23 ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്.
മികച്ച ഫോമിലാണ് രാജസ്ഥാന്റെ താരങ്ങള്‍ എല്ലാം ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലന മത്സരത്തില്‍ യശസ്വി ജെയ്‌സ്വാളും സഞ്ജുവും റയാന്‍ പരാഗും ധ്രുവ് ജുറെയ്‌ലും, സൂര്യവംശിയും എല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഷെയ്ന്‍ വാണിന്റെ നേതൃത്വത്തില്‍ കപ്പെടുത്തതല്ലാതെ രാജസ്ഥാന്‍ റോയല്‍സിന് പിന്നീട് കപ്പില്‍ മുത്തമിടാന്‍ ആയിട്ടില്ല. മാര്‍ച്ച് 26 ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ രണ്ടാമത്തെ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.