തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കൊമ്പന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മര്‍ സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സമാപന ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മൂന്ന് വിഭാഗങ്ങളില്‍ ആയി സമാപിച്ചു. അണ്ടര്‍ 16 വിഭാഗത്തില്‍ ലിയോ 13 പുല്ലുവിള ആണ് ചാമ്പ്യൻമാരായത്. 3-0 ന് ആണ് വിജയം. എംവിഎച്ച്എസ്എസ് അരുമാനൂരിനെ ആണ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും, അരവിന്ദിനേയും തിരഞ്ഞെടുത്തു. സഞ്ജു ആണ് ഗോള്‍ കീപ്പർ.
അണ്ടര്‍ 14 വിഭാഗത്തില്‍ സെന്റ് മാത്യൂസ് പൊഴിയൂര്‍ ആണ് വിജയികൾ. ലിയോ 13 പുല്ലുവിളയെ ഷൂട്ടൗട്ടില്‍ ആണ് ഇവർ പരാജയപ്പെടുത്തിയത്. മികച്ച ഗോള്‍ കീപ്പറായി അനന്തുവിനേയും മികച്ച പ്ലെയർ ആയി എബിനെയും തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിയോ 13 പുല്ലുവിള വിജയികളായി. ഗവണ്‍മെന്റ് യുപിഎസും പൊഴിയൂരുമായിട്ടായിരുന്നു മത്സരം. 4-0 ന് ആണ് ലിയോ 13 പുല്ലുവിള വിജയിച്ചത്. മികച്ച പ്ലെയർ ആയി ദര്‍ശന രാജുവിനേയും പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സ്റ്റഫീനയേയും, മികച്ച ഗോള്‍ കീപ്പറായി സോജയേയും തിരഞ്ഞെടുത്തു.
കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. രാവിലെ മുതല്‍ കനത്ത മഴയായിരുന്നെങ്കിലും അത് കളിയാവേശത്തിന് തടസമായില്ല. വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള സമ്മാന വിതരണം കൊമ്പന്‍സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഉടമകളായ ജി വിജയരാഘവന്‍, കെസി ചന്ദ്രഹാസന്‍, ടിജെ മാത്യു, ടെറന്‍സ് അലക്‌സ് എന്നിവർ നടത്തി.
വിഎച്ച്എസ്എസ് പൂവാര്‍, ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ തൈക്കാട്, ലിയോ 13 പുല്ലുവിള, ഗവണ്‍മെന്റ് എച്ച്എസ്എസ് കുളത്തൂര്‍, സെന്റ് മാത്യൂസ് പൊഴിയൂര്‍, ജിഎച്ച്എസ്എസ് കഴക്കൂട്ടം, ഗവണ്‍മെന്റ് യുപിഎസ് പൊഴിയൂര്‍, മുസ്ലിം സ്‌കൂള്‍ കണിയാപുരം, ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസ് ചാല, എംവി എച്ച്എസ്എസ് അരുമാനൂര്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കടുത്തത്.
വേനല്‍ക്കാല ഔട്ട്റീച്ച് പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരത്തെ പത്ത് സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊമ്പന്‍സ് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കിയത്. പരിശീലന ക്യാമ്പുകളുടെ സമാപനമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.